ഹിമാലയൻ പർവതനിരകളിലെ മഞ്ഞുരുകൽ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്കു വൻ ഭീഷണിയാകുമെന്നു പഠനം. ഒരു പതിറ്റാണ്ടു മുമ്പുണ്ടായിരുന്നതിനേക്കാൾ 65 ശതമാനം വേഗത്തിലാണ് ഇപ്പോൾ ഹിമാനികൾ ഉരുകുന്നത്. ഇതു മേഖലയിലെ പരിസ്ഥിതിയിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. സിസ്റ്റമിക്, ഇന്റഗ്രേറ്റഡ് മൗണ്ടൻ ഇനിഷ്യേറ്റീവ് (ഐഎംഐ) എന്നിവയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഗവേഷകരാണു പഠനത്തിനു പിന്നിൽ. ആഗോള കാലാവസ്ഥാ വ്യതിയാനവും പ്രാദേശിക മലിനീകരണവുമാണു ഗുരുതരമായ അവസ്ഥയ്ക്കു പിന്നിലെ പ്രധാന കാരണമെന്നു ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) ഏകദേശം 20 ശതമാനവും ഹിമാലയൻ നദികളിൽ നിന്നുള്ള ജലസ്രോതസുകളെയാണു നേരിട്ട് ആശ്രയിക്കുന്നത്. കൃഷി (പ്രത്യേകിച്ച് ഗോതമ്പ്, നെല്ല്, തേയില), ജലവൈദ്യുത പദ്ധതികൾ, തീർഥാടനം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
മഞ്ഞുരുകൽ വേഗത്തിലാകുന്നതിൽ പ്രധാന വില്ലനാകുന്നത് 'ബ്ലാക്ക് കാർബൺ' ആണ്. സമീപ പ്രദേശങ്ങളിലെ നിർമാണമേഖലകളിൽനിന്നും വാഹനങ്ങളിൽനിന്നും വായുവിലേക്കുയരുന്ന പുകയാണു വലിയ പ്രതിസന്ധി. മഞ്ഞിൽ അടിയുന്ന കരിയുടെ കണികകൾ സൂര്യപ്രകാശം കൂടുതൽ ആഗിരണം ചെയ്യുകയും മഞ്ഞുരുകൽ വേഗത്തിലാക്കുകയും ചെയ്യുന്നു. ആഗോള ഹരിതഗൃഹ വാതകങ്ങളെ അപേക്ഷിച്ച് ദക്ഷിണേഷ്യൻ രാജ്യങ്ങൾക്ക് ഉടനടി ഇടപെട്ടു കുറയ്ക്കാൻ സാധിക്കുന്ന ഒന്നാണ് 'ബ്ലാക്ക് കാർബൺ' മലിനീകരണം.
മഞ്ഞുരുകുന്നതു വേഗത്തിലാകുന്നതോടെ പർവതനിരകളിൽ സ്ഥിരതയില്ലാത്ത പുതിയ ഗ്ലേഷ്യൽ തടാകങ്ങൾ രൂപപ്പെടുകയും നിലവിലുള്ളവയുടെ വലുപ്പം അതിവേഗം വർധിക്കുകയും ചെയ്യുന്നു. ഹിമാനികൾ പൊട്ടിത്തെറിച്ചുണ്ടാകുന്ന പ്രളയം താഴ്വരകളിൽ വലിയ ദുരന്തങ്ങൾ വിതയ്ക്കുന്നു. ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ 18 ശതമാനം മാത്രമാണ് ഹിമാലയൻ മേഖലയെങ്കിലും, രാജ്യത്തുണ്ടാകുന്ന സ്വാഭാവിക ദുരന്തങ്ങളുടെ 35 ശതമാനവും ഈ മേഖലയിലാണു സംഭവിക്കുന്നത്. എന്നാൽ, അപായ മുന്നറിയിപ്പു നൽകാൻ ആവശ്യമായ ശാസ്ത്രീയ നിരീക്ഷണ സംവിധാനങ്ങളുടെ അഭാവം സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുന്നു.
പരിഹാരങ്ങൾ എന്തെല്ലാം
മേഖല നേരിടുന്ന പ്രതിസന്ധികളെ മറികടക്കാൻ നിർണായക നിർദേശങ്ങൾ ഗവേഷകർ മുന്നോട്ടുവയ്ക്കുന്നുണ്ട്. ബ്ലാക്ക് കാർബൺ പുറന്തള്ളൽ കുറയ്ക്കുക, ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗിച്ച് ഗ്ലേഷ്യൽ തടാകങ്ങളുടെ നിരീക്ഷണം ശക്തിപ്പെടുത്തുക, പ്രാദേശിക അപായ മുന്നറിയിപ്പു സംവിധാനങ്ങൾ ശാസ്ത്രീയമായി സജ്ജീകരിക്കുക, പരിസ്ഥിതി സൗഹാർദ വിനോദസഞ്ചാരം നടപ്പാക്കുക തുടങ്ങിയവയാണു നിർദേശങ്ങൾ. ദശലക്ഷക്കണക്കിനു ജനങ്ങളുടെ കുടിവെള്ളവും ഉപജീവനവും സംരക്ഷിക്കാൻ ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കിടയിൽ കൂട്ടായ ശാസ്ത്രീയ സഹകരണം അനിവാര്യമാണെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.